Tuesday, May 22, 2012

വെള്ളകമ്പളത്തിലെ കുങ്കുമപ്പൂക്കൾ

"റൈഹാൻ ഖാൻ ക്വാദിരി" അതെ അതുതന്നെയാണു എന്റെ പേരു.
നിങ്ങൾ ഊഹിച്ചത് ശരിയാണു ഞാൻവരുന്നത്...
 "മഞ്ഞിന്റെയും മരണത്തിന്റെയും താഴ്വരയിൽ" നിന്നുതന്നെയാണു.
നിങ്ങളെ ഞാൻ എന്റെ "സ്നേഹത്തിന്റെ താഴ്വരയായ കശ്മീരിലേക്ക്"
കൊണ്ടുപോവാം...ഇവിടെ തണുപ്പുകാലമാണു ഒരു കമ്പളമുണ്ടെങ്കിൽ കയ്യിൽ കരുതിക്കോള്ളൂ...!
ശൈത്യകാലത്ത് ഈ താഴ്വര മുഴുവൻ ഒരു വെള്ളക്കമ്പളം പുതച്ചുറങ്ങും.

ചെറുപ്പത്തിൽ അമ്മീജാൻ പറയുമായിരുന്നു ദൂരെക്കാണുന്ന മഞ്ഞു 
മലകൾക്കപ്പുറത്തു നിന്ന് "മലക്കുകൾ" നമ്മെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുമെന്ന്.
വേനൽക്കാലത്ത് ശേഖരിച്ച വിറകുകൾകൊണ്ട് ചൂടുകായുകയോ,എനിക്കുള്ള ഷാൾ 
തുന്നിക്കൊണ്ടിരിക്കുകയോ ആയിരിക്കും അമ്മീജാൻ !
പിന്നെ എന്റെ ജുമാന...ചെറുപ്പത്തിൽ അവൾക്കെന്നേക്കാൾ
ഉയരമുണ്ടായിരുന്നു.അവള്‍ എനിക്ക് ആപ്പിൾ
പറിച്ചുതന്നു.തടാകപ്പരപ്പിലെ ഐസുകട്ടകള്‍ പൊട്ടിച്ചു  അതിലൂടെ ഞങ്ങള്‍ കൊതുമ്പുവള്ളം  തുഴഞ്ഞുപോവും.നീലനിറത്തിലുള്ള ഇതളുകൾക്കിടയിൽ നിന്നും ചുവന്ന കുങ്കുമപ്പൂക്കൾ പറിച്ചെടുക്കാന്‍. ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കരുതെന്ന് 
പറഞ്ഞുകരയുന്ന എന്നെ  അത് വീണ്ടുംവരുമെന്ന് പറഞ്ഞു അവള്‍  ആശ്വസിപ്പിക്കും
ബാസാറിൽ ഒന്നിച്ചു പൂക്കട നടത്തിയിരുന്ന എന്റെയും അവളുടെയും അബ്ബമാരുടെ മാംസക്കഷ്ണങ്ങള്‍ പൂക്കള്‍ക്കിടയിലാണ്  ചിതറിക്കിടന്നത്

പുറത്തിപ്പോഴും മഞ്ഞുമഴ പെയ്തുകൊണ്ടിരിക്കുകയാണു,വീശിയടിക്കുന്ന കാറ്റും കൂട്ടിനുണ്ട്.
 ആരോ വാതിലിൽ മുട്ടുന്നുണ്ട് . ആ കൊടുംമഞ്ഞിലൊരാൾ എന്റെ
വാതിൽക്കൽ വന്നുകിടക്കുന്നു.പാനി..പാനി അതുമാത്രമെ കേൾക്കുന്നുള്ളൂ.ഞാൻ 
സൂക്ഷിച്ചുനോക്കി,തൊട്ടടുത്തുള്ള കുന്നിൻ ചെരുവിലെ ആട്ടിടയനാണു.വെള്ളം കുടിച്ച
ശേഷം അയാൾ സംസാരിച്ചു തുടങ്ങി...സാബ്... എന്റെ മകളെയും മകനെയും 
തീവ്രവാദികളാണെന്നും പറഞ്ഞു കാലത്ത് മിലിട്ടറി പിടിച്ചുകൊണ്ടുപോയി...കുറച്ച് മുമ്പ്
മകൾ തിരിച്ചു വന്നു...ചോരവാർന്ന ചുണ്ടുകളും... കഴുത്തിനു താഴെ നാലു പല്ലുകളുടെ 
പാടും...വാക്കുകൾ വിതുമ്പലിൽ തട്ടിനിന്നു...ഞാനയാളെ കെട്ടിപ്പിടിച്ചു.എനിക്ക് 
കൂടുതലായൊന്നും കേൾക്കേണ്ട..! .ഇനിയും വരാത്ത മകനെത്തേടിയിറങ്ങിയതാണു ആ പാവം.
അയാൾ വീണ്ടും മഞ്ഞിലേക്കു മറഞ്ഞു...!

പെട്ടെന്നാണു ഞാനാക്കാഴ്ച്ച കണ്ടത്.ജുമാനയേയും അവളുടെ അമ്മീജാനെയെയും 
മിലിട്ടറി ജീപ്പിൽക്കയറ്റുന്നു.ഞാൻ പുറത്തേക്കോടി...!
എന്റെ വീടിനുനേർക്കാണു ജീപ്പുവരുന്നത് .ജുമാനയുടെ വീടിനടുത്തുള്ള 
തോൽഫാക്ടറിയിൽ തീവ്രവാദികൾ പതുങ്ങിയിരിപ്പുണ്ട്..ആ ഓഫീസ്സർ ജുമാനയെ 
എന്നെ ഏൽപ്പിച്ചു.ഞാനാ ഓഫീസ്സരെ സൂക്ഷിച്ചു നോക്കി.ആറടിപ്പൊക്കം,വെളുത്ത നിറം,പൂച്ചക്കണ്ണുകൾ..നെറ്റിയിൽകറുത്ത പാടും...! ഒന്നും മിണ്ടാതെ അയാൾ നടന്നകന്നു.വെളുക്കുവ്വോളം വെടിയൊച്ചകൾ കേട്ടു...!!

4 comments:

ajith said...

വേട്ടക്കാരും ഇരകളും....കഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു

Shaheer Kunhappa.K.U said...

വെള്ളകമ്പളത്തിലെ കുങ്കുമപ്പൂക്കൾ..
വായനയുടെ അവസാനങ്ങളില്‍ കുങ്കുമപ്പൂവിന്റെ നിറം ചുവക്കുന്നു. ചോദ്യങ്ങളും അനുമാനങ്ങളും ബാക്കിയാവുന്നു.

ഭാവുകങ്ങള്‍..

shabeer said...

അഭിപ്രായങ്ങൾക്ക് നന്ദി...

ഉദയപ്രഭന്‍ said...

കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ഇതുതന്നെ. പലയിടത്തും വായിച്ചിട്ടുണ്ട്. ആശംസകള്‍.