Monday, April 23, 2012

നക്ഷത്രങ്ങളായി ജീവിക്കാം..!


"ലക്ഷ്മീ നിനക്കു വേദനിക്കുന്നുണ്ടോ...
ഇല്ല ദേവേട്ടാ...
നിനക്കു ഇത്രയും ഭാരം  താങ്ങാനവുമെന്നു  ഞാൻ ഒരിക്കലും വിചാരിച്ചില്ലാ... 
ഇനിയെത്ര നേരം ഇങ്ങിനെ കിടക്കണം..?
ഇതു അവസാനത്തേതാണു ഇനിയും എതാനം നിമിഷങ്ങൾ മാത്രം അതോടെ എല്ലാം കഴിയും..!!

ലക്ഷ്മീ നിനക്കോർമ്മയുണ്ടോ പതിനേഴാമത്തേവയസ്സിൽ എന്റെ കൂടെ ഇറങ്ങിവന്നതാണു നീ,മുപ്പത്തിയഞ്ചുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു...
അതേ മുപ്പത്തിയഞ്ചുവർഷങ്ങൾ..
നീയെങ്ങിനെ എന്റെ മുൻശുണ്ഠിയും ദുശ്ശാഢ്യങ്ങളും ഇത്രയും കാലം സഹിച്ചൂ..?
അതെപ്പൊഴും അങ്ങിനെയാണു ദേവേട്ടാ സ്നേഹമുള്ളേടത്തേ ശാഢ്യങളും പിണക്കങ്ങളുമുണ്ടാവൂ..ദേവേട്ടന്റേയും കണ്ണന്റേയും ശാഢ്യങ്ങൾ എനിക്കെപ്പോഴും ഇഷ്ടമാണു..എങ്കിലും ദേവേട്ടനെതിനിതുച്ചെയ്തു, നിങ്ങൾ ഇത്രയ്ക്കു ഭീരുവാണെന്നു ഞാൻ ഒരിക്കലും കരുതിയില്ലാ...!!

പിന്നെ ഞാൻ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതു,എന്നും എന്നെ വിളിച്ചുണർത്തിയിരുന്ന നീ ചലനമറ്റു എന്റെ അരുകിൽ കിടക്കുന്നു.നീ രാത്രിയിൽ ചിലപ്പോൾ എന്നെ വിളിച്ചിരിക്കാം,പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ലാ..
 ഒന്നും..
എന്തേ..അല്ലെങ്കിൽ അപ്പോഴും എന്നെ ശല്ല്യപ്പെടുത്തേണ്ടന്നു കരുതിയോ..എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ചുവന്നു,ഏതാണ്ടു ഒരു ഭ്രാന്തനെപ്പോലെ ഞാൻ നിലവിളിച്ചു...പക്ഷെ ശബ്ദം മാത്രം പുറത്തേക്കുവന്നില്ലാ...!!!!

ആദ്യം ചെയ്തതു ഒരുപേപ്പറെടുത്തു കണ്ണനെഴുതി ടേബിളിനുമുകളിൽ വച്ചു.ഒരു കാര്യം അതിൽ പ്രത്യേകം എഴുതിയിട്ടുണ്ടു നമ്മെ ഒരുമിച്ചു ഒരു ചിതയിൽ വച്ചേ ദഹിപ്പിക്കാവൂ എന്നു...
പിന്നേ....
 കണ്ണൻ അവന്നുമനസ്സില്ലാവും അവനും ഇപ്പോൾ ഒരു അഛനൂം ഭർത്താവുമൊക്കെയല്ലേ..!!

' അതേ നീ പറഞ്ഞതു ശരിയാണു,ഞാൻ ഭീരുവാണു നിന്നേക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രം.കാലത്തു കുളികഴിഞ്ഞു വരുമ്പോൾ രാസനാദി തേയ്ചുതരാനും,രാത്രിയിൽ നെഞ്ചെരിച്ചൽ വരുമ്പേൾ ജീരക വെള്ളം എടുത്തുതരാനും നീയില്ലത്തയവസ്ഥ അത് എനിക്കു ചിന്തിക്കാൻപോലും കഴിഞ്ഞില്ലാ..

" മതി ദേവേട്ടാ..ഇനിയൊന്നും പറയേണ്ട ഈ വേദന എനിക്കു സഹിക്കാൻ കഴിയുന്നില്ലാ...
ലക്ഷ്മീ തെക്കേലെ മൂവാണ്ടൻമാവിന്റെ ഒരു കഷ്ണം കണ്ണൻ വച്ചതു നിന്റെ കാലിനുമുകളിലാണു അതുകൊണ്ടാ..
ഞാൻ ഉദ്ദേശിച്ചതു വിറകുകൊണ്ടുണ്ടായ വേദനയേയല്ലാ..
ദേവേട്ടന്റെ വാക്കുകൾകൊണ്ടുണ്ടായ വേദനയേയാണു..
സാരമില്ലാ..ലക്ഷ്മീ കണ്ണനതാ പട്ടടയ്ക്കു തീ കൊളുത്താൻ വരുന്നുണ്ടു.
എന്റെ കൈ മുറുകെ പിടിച്ചോളൂ...!!