Monday, July 9, 2012

മണവാട്ടി.

അമ്മച്ചിയും ചേച്ചിയും അനിയത്തിയും പിന്നെ ഞാനും അതാണെന്റെ കുടുംബം.ചേച്ചിയെ ഒരു ഗൾഫുകാരനു കെട്ടിച്ചു.അനിയത്തി കുഞ്ഞിമോൾ എം.എയ്ക്കു പഠിക്കുന്നു.എന്നെക്കുറിച്ച് പറയുവാണെങ്കിൽ സുന്ദരൻ,സുമുഖൻ,സൽസ്വഭാവി.(ഇതിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ളത് തിരഞ്ഞെടുക്കാം)
പിന്നെ ഇന്ന് പാലക്കാട്ടേക്ക് പോണം ഒരു പെണ്ണ് കാണാൻ.അപ്പോൾ നിങ്ങൾ  ചോദിക്കും, ഗഡീ...

തൃശ്ശൂരുള്ള നസ്രാണി പെങ്കൊച്ചുങ്ങളൊക്കെ
ഉടലോടെ സ്വർഗ്ഗത്തീപ്പോയൊന്ന്...അവർക്കും അവരുടെ തന്തമാർക്കും പ്രശ്നം എന്റെ ജോലിയാണു,അതെ ഞാനൊരു ബസ്സ് ഡ്രൈവറാണു...ഡ്രൈവർമാർക്കും നേഴ്സ്സുമ്മാർക്കും
അത്ര മാർക്കറ്റില്ല മോനെ...എന്ന ബ്രോക്കറുടെ ഡൈലോഗ് കേൾക്കുമ്പോൾ എന്റെ കയ്യിങ്ങനെ തരിച്ചുവരും....

കാർ കുതിരാൻ മലകയറിത്തുടങ്ങി...കുണ്ടും കുഴികളുംകൊണ്ട് അലങ്കരിച്ച റോഡ്. എങ്ങിനെ വെട്ടിച്ചാലും ഒരു വീൽ ഗട്ടറിൽ വീഴുമെന്നുറപ്പ്.കുഞ്ഞിമോൾക്കറിയാം എന്റെ സങ്കൽപ്പത്തിലെ ഭാര്യയെക്കുറിച്ച്.വിടർന്ന കണ്ണുകളും,
തുടുത്ത കവിളും കവിളത്തെ നുണക്കുഴിയും,കാച്ചിയ എണ്ണയുടെ
ഗന്ധമുള്ള മുടിയും അതിലൊരു തുളസിക്കതിരും...എല്ലാം കേട്ട ശേഷം അവൾ പറയും
മോനെ... ജോസ്സെ(എന്നെ അവൾ പേരാവിളിക്കാറ്)
ഇതേതാണ്ട് സങ്കരയിനമാണെന്നാ തോന്നണേ.തുളസിക്കതിരും, കാച്ചിയ എണ്ണയും... ഊം.. ഊം.അമ്മച്ചി വീട്ടീക്കേറ്റില്ലാട്ടോ...
ഡിഗ്രിക്ക് മലയാളം സെക്ക്ന്റ് ലാംഗ്വേജ് എടുത്തോണ്ടാണോ ഞാനിങ്ങനെ ചിന്തിക്ക്ണേ... ആ എനിക്കറിയില്ല.


നമ്മുടെ ചന്തമുക്ക് സ്റ്റോപ്പീന്ന് കേറുന്ന ലൈൻ മാൻ തോമാച്ചന്റെ മോൾ ആനി. അവൾക്കെന്നോടൊരിതില്ലേന്നൊരു സംശയം.ഞാനെന്താ ഉദ്ദേശിച്ചേന്ന് മനസ്സിലായല്ലോ അല്ലെ.എന്നോടു മാത്രമുള്ള ആ ചിരിയും,മുന്നിൽ വന്നുള്ള നിൽപ്പും...ഞാനെല്ലാം മിററിലൂടെ കാണുന്നുണ്ടെന്ന്
അവൾക്കറിയാം.പാരലൽ കോളേജിൽ എന്റെ ജൂനിയറായിരുന്നു.ഞാൻ തോറ്റ് ഡ്രൈവറായി,അവൾ പഠിച്ച് ടീച്ചറും.പക്ഷേ ഇന്നേവരെ അവളോട് ഞാനൊരക്ഷരം മിണ്ടിയിട്ടില്ല.നമ്മുടെ രാജേട്ടൻ(കണ്ടക്ടർ)നാൽപ്പതാം വയസ്സിലും  ശ്രീകൃഷ്ണനാന്ന വിചാരം,കോളേജ് സ്റ്റോപ്പെത്തിയാൽ പുള്ളിക്ക് ഒരു പത്തുവയസെങ്കിലും കുറയും.മൂപ്പരുപറയും...എടാ..ജോസ്സെ നീയൊന്നും
ഒരുകാലത്തും ഗുണമ്പിടിക്കില്ലെന്ന്.

അങ്ങിനെ ചായയും പലഹാരങ്ങളും കഴിച്ച് കുതിരാൻ മലയിറങ്ങിയ ക്ഷീണം തീർത്തു.
പെണ്ണ്...അതിപ്രാവശ്യവും ശരിയായില്ല.കൊച്ചിനു നെറം
പോരാ...മുഖലക്ഷണവും അത്രെയ്ക്ക് പോരാ...ചേച്ചിയുടേതാണു കണ്ടുപിടിത്തം.കൊച്ചിനു ചേച്ചിയേക്കാൾ നിറമുണ്ടായിരുന്നുവെന്നത് വേറെകാര്യം..
പക്ഷെ എന്റെ സ്വപ്നത്തിലെ കൊച്ചിന്റത്രയ്ക്ക് വരില്ല...

"സെന്റ് റാഫേൽ കത്ത്രീഡൽ ചർച്ച്" ഞങ്ങൾ പണ്ട് പാലക്കാട് താമസിച്ചിരുന്നപ്പോൾ എല്ലാ ഞായറാഴ്ച്ചയും ഇവിടെ വരുമായിരുന്നു.പാലക്കാടു വന്നാൽ ഇവിടെ വരാതെ പോവാറില്ല.പ്രാർത്ഥന കഴിഞ്ഞു തിരിച്ച് കാറിൽ കേറാൻ
തുടങ്ങുവായിരുന്നു.മുല്ലെ...മുല്ലേ...കുഞ്ഞിമോൾ ആരെയോ വിളിക്കുന്നു ഞാൻ തിരിഞ്ഞുനോക്കി.എന്റെ സ്വപ്നത്തിലെ അതേ കണ്ണുകൾ,അതേ മുഖം...ഈശോ... ഇതെന്ത് പരീക്ഷണം.
കുഞ്ഞിമോൾ അവരെയെനിക്ക് പരിചയപ്പെടുത്തി.ജോസ്സെ... ഇത് മുല്ല...അല്ല സിസ്റ്റർ സോഫിയ...ഡിഗ്രിക്ക് എന്റെയൊപ്പം ഉണ്ടായിരുന്നു,ഇപ്പോൾ ഇവിടെയ്യാ..ഇല്ല.. എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല.
 

അതെ പണ്ട് കുഞ്ഞിമോൾ ഇവരെക്കുറിച്ച് പറഞ്ഞിരുന്നു.ക്ലാസ്സിലെ ഒരോ കുട്ടിയും പിറന്നാളിനു കൊടുക്കുന്ന ചോക്ലേറ്റുകൾ ശേഖരിച്ച് വച്ച് അത് അവരുടെ പിറന്നാളിനു
(Feast of St Sofiya)കൊടുക്കുമായിരുന്നുവെന്ന്.
അതെ അവർക്ക് സ്വന്തമായി പിറന്നാളില്ല.ആഘോഷങ്ങളെല്ലാം
ദൈവത്തിനായ് മാത്രം നടത്തുന്ന കർത്താവിന്റെ മണവാട്ടിമാർ...അവരോടു യാത്ര പറഞ്ഞിറങ്ങാൻ നേരം ഞാൻ ഉണ്ണിയേശുവിന്റെ രൂപത്തിലേക്ക് നോക്കി...ആ മുഖത്ത് അപ്പോഴും നിഷ്കളങ്കമായ പുഞ്ചിരി മാത്രം...

പിറ്റേന്ന്...
ചന്തമുക്ക്..ചന്തമുക്കേ...
രാജേട്ടൻ സിംഗിൾ ബെല്ലുകൊടുത്തൂ...
ഞാൻ അളിയൻ കൊണ്ടുത്തന്ന റേ-ബാൻ ഗ്ലാസ്സെടുത്തിട്ടു..
.FM Radio-ല് എതോ അടിപൊളി പാട്ട് പാടുന്നുണ്ട്...ഇല്ല അവളിനിയും എത്തിയിട്ടില്ല.
എന്റെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി.സാധാരണ എനിക്കു മുന്നേ അവളെത്തും അതാണു പതിവ്.

ഡബിൾ ബെല്ലിന്റെ ശബ്ദം...ന്യൂട്ടറിൽ നിന്നും
ഫസ്റ്റ് ഗിയറിലേക്ക് മാറ്റുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു...
വീണ്ടുമൊരു സിംഗിൾ ബെല്ല്...ഞാൻ സൈഡ് മിററിലേക്ക് നോക്കി...അതെ  അതവൾ തന്നെ...എന്റെ ആനി...
ഇന്നെന്തോ അവൾക്കൊരു പ്രത്യേക സൗന്ദര്യം...
ഡബിൾ ബെല്ല്...പോട്ടെ റൈറ്റ്...

FM Radio-യുടെ ശബ്ദം ഒന്നു കൂട്ടിവച്ചൂ...

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ...

Wednesday, June 20, 2012

മഴ...മഴ...മഴമാത്രം..!


തണുത്ത പ്രഭാതം.
പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ട്.
കുക്കറിന്റെ ശബ്ദം കേട്ടാണു ഉണർന്നത്...!
ആമി...ആമീ..."ദാ വരുന്നു".

അന്നും ഒരു മഴയുള്ള ദിവസമായിരുന്നു.
അഭിരാമി.ബസ്റ്റോപ്പിൽ നിന്നും ഞാൻ അവളുടെ കുടയിലേക്ക് 
ഓടിക്കയറികോളേജിലേക്ക് ഇനിയുംകുറച്ച് ദൂരമുണ്ട്.
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ".
അവൾ മറുപടിയൊന്നും പറഞ്ഞില്ല,
പകരം ചിരിച്ചു.ഈ ചിരി.എല്ലാം മനസ്സിലാക്കിയിട്ടും 
ഒന്നുമറിയാത്തതുപോലുള്ള ചിരി.ഇതാണു കഴിഞ്ഞ 
ഒന്നരവർഷമായി എന്നെ നീറ്റിക്കൊണ്ടിരിക്കുന്നത്...!
അല്ലാ ഈ ചിരിയാണു ഇപ്പോഴും എനിക്ക് പ്രതീക്ഷ നൽകുന്നത്.
മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ തുടർന്നു
 "എനിക്ക് ഇഷ്ടമാണു,ഞാൻ വിളിച്ചാൽ നീ വരുമോ".
അവൾ ഒന്നും മിണ്ടിയില്ലാ..!
പിന്നീട് പതുക്കെ തലയാട്ടി...! അപ്പോള്‍ ഞാന്‍ അറിയുകയായിരുന്നു. എന്റെ ഈ ചോദ്യത്തിനായി
അവൾ കാത്തിരിക്കുകയായിരുന്നുവെന്ന്.!

"എന്തേ ഇങ്ങിനെ തുറിച്ച്നൊക്കുന്നത് മുമ്പ് കണ്ടിട്ടില്ലേ".
 ദേഷ്യപ്പെട്ടാണു പറഞ്ഞതെങ്കിലും അപ്പോഴും 
മുഖത്താക്കള്ളച്ചിരിയുണ്ടായിരുന്നു. "ഒന്നുമില്ലാ വെറുതെ വിളിച്ചതാ,മോനെവിടെ".
"ശബ്ദം കേട്ടില്ലെ, അവൻ നേരത്തെ 
എണീറ്റുകളിക്കാൻ പോയി,ഞായറാഴ്ച്ചമാത്രം നേരത്തെ 
എഴുന്നേൽക്കാൻ ഒരു പ്രശ്നവുമില്ലാ...
ഇഡലി വേണ്ടെന്ന്പറഞ്ഞ് നൂഡിൽസ്സിനു ഓർഡർ
 ചെയ്തിട്ടണു പോയത്,
ഇനി ഞാൻ അതുണ്ടാക്കണം.! 

അഭിജിത്...അഭിയും സുജിത്തും . ഞങ്ങളുടെ മകന്‍.താമസ്സം മാറിയിട്ടു ഒരാഴ്ച്ചയെ ആയുള്ളു.
അപ്പോഴേക്കും ചെക്കൻ കൂട്ടുകൂടി കളിതൂടങ്ങി.
 നിനക്കീ ഫ്ലാറ്റ് ഇഷ്ടമായോ?
"കെട്ടിടത്തിനു പഴക്കമുണ്ട്. അത് സാരല്ലാ പക്ഷേ 
നാലാംനില അതോർക്കുമ്പോഴാ. 'അതൊക്കെ പതുക്കെ ശീലമായിക്കൊള്ളും"
ഞാൻ പതുക്കെ സ്റ്റെയർക്കേസ്സു വഴി താഴെയിറങ്ങി,
മഴയിപ്പോഴും പൊടിഞ്ഞുകൊണ്ടിരിക്കുകയാണു.
ആരോഹണവും അവരൊഹണവുമില്ലാതെ ഒരേ താളത്തിൽ...!
 
Hi Mr sujith, I am col.Nambiar നിങ്ങളുടെ നൈബർ.ഞാനിപ്പോൾ മോനെ
കണ്ടിരുന്നു...ബ്രില്ല്യന്റ് ബോയ്.
ഇവിടെ അസ്സോസിയേഷൻ വക പ്ലേ ഗ്രൗണ്ടുണ്ട്
അതൊന്ന് ശരിയാക്കണം,പിള്ളേരുടെ ഈ ടെര്സ്സിലെ കളി. ശബ്ദം സഹിക്കവയ്യാ.
എന്നെ മറുപടിപറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടിരുന്നു...!
പെട്ടെന്നാണു എന്റെ മുൻപിൽ മുകളിൽനിന്നെന്തോ
വന്നു വീണത്...ഞാനറിയാതെഒരടി പുറകിലേക്ക്മാറി.
അഭി...അതെ അവൻ തന്നെ.
അവന്റെ ചെവിയുടെ താഴെനിന്നു ചെറുതായി 
രക്തം വാർന്നൊലിക്കാൻ തുടങ്ങി.
ഞാനവനെ വാരിയെടുത്തു...അവനെന്റെ  കണ്ണിലേക്കുനോക്കി.
പിന്നീട് നിശ്ചലമായി.!

ആമീ...ഞാൻ നിലവിളിച്ചു.പക്ഷെ ശബ്ദം പുറത്തേക്കുവന്നില്ലാ.
അവൾ അപ്പോഴുംഅടുക്കള്യിൽ ഒന്നുമറിയാതെ. അവളോട് ഞാനെന്തുപറയും.ഇല്ലാ എനിക്കൊന്നുമറിയില്ലാ...
അവന്റെ രക്തം ഒരു ചെറിയ നീർച്ചാലുപോലെ 
മഴവെള്ളവുമായ്ച്ചേർന്നൊഴുകാൻ തുടങ്ങി..
മഴയ്ക്കു ശക്തി കൂടിക്കൂടിവന്നു...മനസ്സിനു തിരിച്ചും..!
 

Tuesday, May 22, 2012

വെള്ളകമ്പളത്തിലെ കുങ്കുമപ്പൂക്കൾ

"റൈഹാൻ ഖാൻ ക്വാദിരി" അതെ അതുതന്നെയാണു എന്റെ പേരു.
നിങ്ങൾ ഊഹിച്ചത് ശരിയാണു ഞാൻവരുന്നത്...
 "മഞ്ഞിന്റെയും മരണത്തിന്റെയും താഴ്വരയിൽ" നിന്നുതന്നെയാണു.
നിങ്ങളെ ഞാൻ എന്റെ "സ്നേഹത്തിന്റെ താഴ്വരയായ കശ്മീരിലേക്ക്"
കൊണ്ടുപോവാം...ഇവിടെ തണുപ്പുകാലമാണു ഒരു കമ്പളമുണ്ടെങ്കിൽ കയ്യിൽ കരുതിക്കോള്ളൂ...!
ശൈത്യകാലത്ത് ഈ താഴ്വര മുഴുവൻ ഒരു വെള്ളക്കമ്പളം പുതച്ചുറങ്ങും.

ചെറുപ്പത്തിൽ അമ്മീജാൻ പറയുമായിരുന്നു ദൂരെക്കാണുന്ന മഞ്ഞു 
മലകൾക്കപ്പുറത്തു നിന്ന് "മലക്കുകൾ" നമ്മെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുമെന്ന്.
വേനൽക്കാലത്ത് ശേഖരിച്ച വിറകുകൾകൊണ്ട് ചൂടുകായുകയോ,എനിക്കുള്ള ഷാൾ 
തുന്നിക്കൊണ്ടിരിക്കുകയോ ആയിരിക്കും അമ്മീജാൻ !
പിന്നെ എന്റെ ജുമാന...ചെറുപ്പത്തിൽ അവൾക്കെന്നേക്കാൾ
ഉയരമുണ്ടായിരുന്നു.അവള്‍ എനിക്ക് ആപ്പിൾ
പറിച്ചുതന്നു.തടാകപ്പരപ്പിലെ ഐസുകട്ടകള്‍ പൊട്ടിച്ചു  അതിലൂടെ ഞങ്ങള്‍ കൊതുമ്പുവള്ളം  തുഴഞ്ഞുപോവും.നീലനിറത്തിലുള്ള ഇതളുകൾക്കിടയിൽ നിന്നും ചുവന്ന കുങ്കുമപ്പൂക്കൾ പറിച്ചെടുക്കാന്‍. ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കരുതെന്ന് 
പറഞ്ഞുകരയുന്ന എന്നെ  അത് വീണ്ടുംവരുമെന്ന് പറഞ്ഞു അവള്‍  ആശ്വസിപ്പിക്കും
ബാസാറിൽ ഒന്നിച്ചു പൂക്കട നടത്തിയിരുന്ന എന്റെയും അവളുടെയും അബ്ബമാരുടെ മാംസക്കഷ്ണങ്ങള്‍ പൂക്കള്‍ക്കിടയിലാണ്  ചിതറിക്കിടന്നത്

പുറത്തിപ്പോഴും മഞ്ഞുമഴ പെയ്തുകൊണ്ടിരിക്കുകയാണു,വീശിയടിക്കുന്ന കാറ്റും കൂട്ടിനുണ്ട്.
 ആരോ വാതിലിൽ മുട്ടുന്നുണ്ട് . ആ കൊടുംമഞ്ഞിലൊരാൾ എന്റെ
വാതിൽക്കൽ വന്നുകിടക്കുന്നു.പാനി..പാനി അതുമാത്രമെ കേൾക്കുന്നുള്ളൂ.ഞാൻ 
സൂക്ഷിച്ചുനോക്കി,തൊട്ടടുത്തുള്ള കുന്നിൻ ചെരുവിലെ ആട്ടിടയനാണു.വെള്ളം കുടിച്ച
ശേഷം അയാൾ സംസാരിച്ചു തുടങ്ങി...സാബ്... എന്റെ മകളെയും മകനെയും 
തീവ്രവാദികളാണെന്നും പറഞ്ഞു കാലത്ത് മിലിട്ടറി പിടിച്ചുകൊണ്ടുപോയി...കുറച്ച് മുമ്പ്
മകൾ തിരിച്ചു വന്നു...ചോരവാർന്ന ചുണ്ടുകളും... കഴുത്തിനു താഴെ നാലു പല്ലുകളുടെ 
പാടും...വാക്കുകൾ വിതുമ്പലിൽ തട്ടിനിന്നു...ഞാനയാളെ കെട്ടിപ്പിടിച്ചു.എനിക്ക് 
കൂടുതലായൊന്നും കേൾക്കേണ്ട..! .ഇനിയും വരാത്ത മകനെത്തേടിയിറങ്ങിയതാണു ആ പാവം.
അയാൾ വീണ്ടും മഞ്ഞിലേക്കു മറഞ്ഞു...!

പെട്ടെന്നാണു ഞാനാക്കാഴ്ച്ച കണ്ടത്.ജുമാനയേയും അവളുടെ അമ്മീജാനെയെയും 
മിലിട്ടറി ജീപ്പിൽക്കയറ്റുന്നു.ഞാൻ പുറത്തേക്കോടി...!
എന്റെ വീടിനുനേർക്കാണു ജീപ്പുവരുന്നത് .ജുമാനയുടെ വീടിനടുത്തുള്ള 
തോൽഫാക്ടറിയിൽ തീവ്രവാദികൾ പതുങ്ങിയിരിപ്പുണ്ട്..ആ ഓഫീസ്സർ ജുമാനയെ 
എന്നെ ഏൽപ്പിച്ചു.ഞാനാ ഓഫീസ്സരെ സൂക്ഷിച്ചു നോക്കി.ആറടിപ്പൊക്കം,വെളുത്ത നിറം,പൂച്ചക്കണ്ണുകൾ..നെറ്റിയിൽകറുത്ത പാടും...! ഒന്നും മിണ്ടാതെ അയാൾ നടന്നകന്നു.വെളുക്കുവ്വോളം വെടിയൊച്ചകൾ കേട്ടു...!!

Monday, April 23, 2012

നക്ഷത്രങ്ങളായി ജീവിക്കാം..!


"ലക്ഷ്മീ നിനക്കു വേദനിക്കുന്നുണ്ടോ...
ഇല്ല ദേവേട്ടാ...
നിനക്കു ഇത്രയും ഭാരം  താങ്ങാനവുമെന്നു  ഞാൻ ഒരിക്കലും വിചാരിച്ചില്ലാ... 
ഇനിയെത്ര നേരം ഇങ്ങിനെ കിടക്കണം..?
ഇതു അവസാനത്തേതാണു ഇനിയും എതാനം നിമിഷങ്ങൾ മാത്രം അതോടെ എല്ലാം കഴിയും..!!

ലക്ഷ്മീ നിനക്കോർമ്മയുണ്ടോ പതിനേഴാമത്തേവയസ്സിൽ എന്റെ കൂടെ ഇറങ്ങിവന്നതാണു നീ,മുപ്പത്തിയഞ്ചുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു...
അതേ മുപ്പത്തിയഞ്ചുവർഷങ്ങൾ..
നീയെങ്ങിനെ എന്റെ മുൻശുണ്ഠിയും ദുശ്ശാഢ്യങ്ങളും ഇത്രയും കാലം സഹിച്ചൂ..?
അതെപ്പൊഴും അങ്ങിനെയാണു ദേവേട്ടാ സ്നേഹമുള്ളേടത്തേ ശാഢ്യങളും പിണക്കങ്ങളുമുണ്ടാവൂ..ദേവേട്ടന്റേയും കണ്ണന്റേയും ശാഢ്യങ്ങൾ എനിക്കെപ്പോഴും ഇഷ്ടമാണു..എങ്കിലും ദേവേട്ടനെതിനിതുച്ചെയ്തു, നിങ്ങൾ ഇത്രയ്ക്കു ഭീരുവാണെന്നു ഞാൻ ഒരിക്കലും കരുതിയില്ലാ...!!

പിന്നെ ഞാൻ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതു,എന്നും എന്നെ വിളിച്ചുണർത്തിയിരുന്ന നീ ചലനമറ്റു എന്റെ അരുകിൽ കിടക്കുന്നു.നീ രാത്രിയിൽ ചിലപ്പോൾ എന്നെ വിളിച്ചിരിക്കാം,പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ലാ..
 ഒന്നും..
എന്തേ..അല്ലെങ്കിൽ അപ്പോഴും എന്നെ ശല്ല്യപ്പെടുത്തേണ്ടന്നു കരുതിയോ..എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ചുവന്നു,ഏതാണ്ടു ഒരു ഭ്രാന്തനെപ്പോലെ ഞാൻ നിലവിളിച്ചു...പക്ഷെ ശബ്ദം മാത്രം പുറത്തേക്കുവന്നില്ലാ...!!!!

ആദ്യം ചെയ്തതു ഒരുപേപ്പറെടുത്തു കണ്ണനെഴുതി ടേബിളിനുമുകളിൽ വച്ചു.ഒരു കാര്യം അതിൽ പ്രത്യേകം എഴുതിയിട്ടുണ്ടു നമ്മെ ഒരുമിച്ചു ഒരു ചിതയിൽ വച്ചേ ദഹിപ്പിക്കാവൂ എന്നു...
പിന്നേ....
 കണ്ണൻ അവന്നുമനസ്സില്ലാവും അവനും ഇപ്പോൾ ഒരു അഛനൂം ഭർത്താവുമൊക്കെയല്ലേ..!!

' അതേ നീ പറഞ്ഞതു ശരിയാണു,ഞാൻ ഭീരുവാണു നിന്നേക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രം.കാലത്തു കുളികഴിഞ്ഞു വരുമ്പോൾ രാസനാദി തേയ്ചുതരാനും,രാത്രിയിൽ നെഞ്ചെരിച്ചൽ വരുമ്പേൾ ജീരക വെള്ളം എടുത്തുതരാനും നീയില്ലത്തയവസ്ഥ അത് എനിക്കു ചിന്തിക്കാൻപോലും കഴിഞ്ഞില്ലാ..

" മതി ദേവേട്ടാ..ഇനിയൊന്നും പറയേണ്ട ഈ വേദന എനിക്കു സഹിക്കാൻ കഴിയുന്നില്ലാ...
ലക്ഷ്മീ തെക്കേലെ മൂവാണ്ടൻമാവിന്റെ ഒരു കഷ്ണം കണ്ണൻ വച്ചതു നിന്റെ കാലിനുമുകളിലാണു അതുകൊണ്ടാ..
ഞാൻ ഉദ്ദേശിച്ചതു വിറകുകൊണ്ടുണ്ടായ വേദനയേയല്ലാ..
ദേവേട്ടന്റെ വാക്കുകൾകൊണ്ടുണ്ടായ വേദനയേയാണു..
സാരമില്ലാ..ലക്ഷ്മീ കണ്ണനതാ പട്ടടയ്ക്കു തീ കൊളുത്താൻ വരുന്നുണ്ടു.
എന്റെ കൈ മുറുകെ പിടിച്ചോളൂ...!!