Monday, July 9, 2012

മണവാട്ടി.

അമ്മച്ചിയും ചേച്ചിയും അനിയത്തിയും പിന്നെ ഞാനും അതാണെന്റെ കുടുംബം.ചേച്ചിയെ ഒരു ഗൾഫുകാരനു കെട്ടിച്ചു.അനിയത്തി കുഞ്ഞിമോൾ എം.എയ്ക്കു പഠിക്കുന്നു.എന്നെക്കുറിച്ച് പറയുവാണെങ്കിൽ സുന്ദരൻ,സുമുഖൻ,സൽസ്വഭാവി.(ഇതിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ളത് തിരഞ്ഞെടുക്കാം)
പിന്നെ ഇന്ന് പാലക്കാട്ടേക്ക് പോണം ഒരു പെണ്ണ് കാണാൻ.അപ്പോൾ നിങ്ങൾ  ചോദിക്കും, ഗഡീ...

തൃശ്ശൂരുള്ള നസ്രാണി പെങ്കൊച്ചുങ്ങളൊക്കെ
ഉടലോടെ സ്വർഗ്ഗത്തീപ്പോയൊന്ന്...അവർക്കും അവരുടെ തന്തമാർക്കും പ്രശ്നം എന്റെ ജോലിയാണു,അതെ ഞാനൊരു ബസ്സ് ഡ്രൈവറാണു...ഡ്രൈവർമാർക്കും നേഴ്സ്സുമ്മാർക്കും
അത്ര മാർക്കറ്റില്ല മോനെ...എന്ന ബ്രോക്കറുടെ ഡൈലോഗ് കേൾക്കുമ്പോൾ എന്റെ കയ്യിങ്ങനെ തരിച്ചുവരും....

കാർ കുതിരാൻ മലകയറിത്തുടങ്ങി...കുണ്ടും കുഴികളുംകൊണ്ട് അലങ്കരിച്ച റോഡ്. എങ്ങിനെ വെട്ടിച്ചാലും ഒരു വീൽ ഗട്ടറിൽ വീഴുമെന്നുറപ്പ്.കുഞ്ഞിമോൾക്കറിയാം എന്റെ സങ്കൽപ്പത്തിലെ ഭാര്യയെക്കുറിച്ച്.വിടർന്ന കണ്ണുകളും,
തുടുത്ത കവിളും കവിളത്തെ നുണക്കുഴിയും,കാച്ചിയ എണ്ണയുടെ
ഗന്ധമുള്ള മുടിയും അതിലൊരു തുളസിക്കതിരും...എല്ലാം കേട്ട ശേഷം അവൾ പറയും
മോനെ... ജോസ്സെ(എന്നെ അവൾ പേരാവിളിക്കാറ്)
ഇതേതാണ്ട് സങ്കരയിനമാണെന്നാ തോന്നണേ.തുളസിക്കതിരും, കാച്ചിയ എണ്ണയും... ഊം.. ഊം.അമ്മച്ചി വീട്ടീക്കേറ്റില്ലാട്ടോ...
ഡിഗ്രിക്ക് മലയാളം സെക്ക്ന്റ് ലാംഗ്വേജ് എടുത്തോണ്ടാണോ ഞാനിങ്ങനെ ചിന്തിക്ക്ണേ... ആ എനിക്കറിയില്ല.


നമ്മുടെ ചന്തമുക്ക് സ്റ്റോപ്പീന്ന് കേറുന്ന ലൈൻ മാൻ തോമാച്ചന്റെ മോൾ ആനി. അവൾക്കെന്നോടൊരിതില്ലേന്നൊരു സംശയം.ഞാനെന്താ ഉദ്ദേശിച്ചേന്ന് മനസ്സിലായല്ലോ അല്ലെ.എന്നോടു മാത്രമുള്ള ആ ചിരിയും,മുന്നിൽ വന്നുള്ള നിൽപ്പും...ഞാനെല്ലാം മിററിലൂടെ കാണുന്നുണ്ടെന്ന്
അവൾക്കറിയാം.പാരലൽ കോളേജിൽ എന്റെ ജൂനിയറായിരുന്നു.ഞാൻ തോറ്റ് ഡ്രൈവറായി,അവൾ പഠിച്ച് ടീച്ചറും.പക്ഷേ ഇന്നേവരെ അവളോട് ഞാനൊരക്ഷരം മിണ്ടിയിട്ടില്ല.നമ്മുടെ രാജേട്ടൻ(കണ്ടക്ടർ)നാൽപ്പതാം വയസ്സിലും  ശ്രീകൃഷ്ണനാന്ന വിചാരം,കോളേജ് സ്റ്റോപ്പെത്തിയാൽ പുള്ളിക്ക് ഒരു പത്തുവയസെങ്കിലും കുറയും.മൂപ്പരുപറയും...എടാ..ജോസ്സെ നീയൊന്നും
ഒരുകാലത്തും ഗുണമ്പിടിക്കില്ലെന്ന്.

അങ്ങിനെ ചായയും പലഹാരങ്ങളും കഴിച്ച് കുതിരാൻ മലയിറങ്ങിയ ക്ഷീണം തീർത്തു.
പെണ്ണ്...അതിപ്രാവശ്യവും ശരിയായില്ല.കൊച്ചിനു നെറം
പോരാ...മുഖലക്ഷണവും അത്രെയ്ക്ക് പോരാ...ചേച്ചിയുടേതാണു കണ്ടുപിടിത്തം.കൊച്ചിനു ചേച്ചിയേക്കാൾ നിറമുണ്ടായിരുന്നുവെന്നത് വേറെകാര്യം..
പക്ഷെ എന്റെ സ്വപ്നത്തിലെ കൊച്ചിന്റത്രയ്ക്ക് വരില്ല...

"സെന്റ് റാഫേൽ കത്ത്രീഡൽ ചർച്ച്" ഞങ്ങൾ പണ്ട് പാലക്കാട് താമസിച്ചിരുന്നപ്പോൾ എല്ലാ ഞായറാഴ്ച്ചയും ഇവിടെ വരുമായിരുന്നു.പാലക്കാടു വന്നാൽ ഇവിടെ വരാതെ പോവാറില്ല.പ്രാർത്ഥന കഴിഞ്ഞു തിരിച്ച് കാറിൽ കേറാൻ
തുടങ്ങുവായിരുന്നു.മുല്ലെ...മുല്ലേ...കുഞ്ഞിമോൾ ആരെയോ വിളിക്കുന്നു ഞാൻ തിരിഞ്ഞുനോക്കി.എന്റെ സ്വപ്നത്തിലെ അതേ കണ്ണുകൾ,അതേ മുഖം...ഈശോ... ഇതെന്ത് പരീക്ഷണം.
കുഞ്ഞിമോൾ അവരെയെനിക്ക് പരിചയപ്പെടുത്തി.ജോസ്സെ... ഇത് മുല്ല...അല്ല സിസ്റ്റർ സോഫിയ...ഡിഗ്രിക്ക് എന്റെയൊപ്പം ഉണ്ടായിരുന്നു,ഇപ്പോൾ ഇവിടെയ്യാ..ഇല്ല.. എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല.
 

അതെ പണ്ട് കുഞ്ഞിമോൾ ഇവരെക്കുറിച്ച് പറഞ്ഞിരുന്നു.ക്ലാസ്സിലെ ഒരോ കുട്ടിയും പിറന്നാളിനു കൊടുക്കുന്ന ചോക്ലേറ്റുകൾ ശേഖരിച്ച് വച്ച് അത് അവരുടെ പിറന്നാളിനു
(Feast of St Sofiya)കൊടുക്കുമായിരുന്നുവെന്ന്.
അതെ അവർക്ക് സ്വന്തമായി പിറന്നാളില്ല.ആഘോഷങ്ങളെല്ലാം
ദൈവത്തിനായ് മാത്രം നടത്തുന്ന കർത്താവിന്റെ മണവാട്ടിമാർ...അവരോടു യാത്ര പറഞ്ഞിറങ്ങാൻ നേരം ഞാൻ ഉണ്ണിയേശുവിന്റെ രൂപത്തിലേക്ക് നോക്കി...ആ മുഖത്ത് അപ്പോഴും നിഷ്കളങ്കമായ പുഞ്ചിരി മാത്രം...

പിറ്റേന്ന്...
ചന്തമുക്ക്..ചന്തമുക്കേ...
രാജേട്ടൻ സിംഗിൾ ബെല്ലുകൊടുത്തൂ...
ഞാൻ അളിയൻ കൊണ്ടുത്തന്ന റേ-ബാൻ ഗ്ലാസ്സെടുത്തിട്ടു..
.FM Radio-ല് എതോ അടിപൊളി പാട്ട് പാടുന്നുണ്ട്...ഇല്ല അവളിനിയും എത്തിയിട്ടില്ല.
എന്റെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി.സാധാരണ എനിക്കു മുന്നേ അവളെത്തും അതാണു പതിവ്.

ഡബിൾ ബെല്ലിന്റെ ശബ്ദം...ന്യൂട്ടറിൽ നിന്നും
ഫസ്റ്റ് ഗിയറിലേക്ക് മാറ്റുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു...
വീണ്ടുമൊരു സിംഗിൾ ബെല്ല്...ഞാൻ സൈഡ് മിററിലേക്ക് നോക്കി...അതെ  അതവൾ തന്നെ...എന്റെ ആനി...
ഇന്നെന്തോ അവൾക്കൊരു പ്രത്യേക സൗന്ദര്യം...
ഡബിൾ ബെല്ല്...പോട്ടെ റൈറ്റ്...

FM Radio-യുടെ ശബ്ദം ഒന്നു കൂട്ടിവച്ചൂ...

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ...